തിരുവനന്തപുരം: വി.ഡി. സതീശൻ, ജൂണ് 19നു തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്പോൾ കേരള നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്ന നാലാം മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടത്തിന് ഉടമയാകും.
മന്ത്രിയാകാതെ മുഖ്യമന്ത്രിയായി ആദ്യബജറ്റ് അവതരിപ്പിച്ചെന്ന റെക്കോർഡും അദ്ദേഹത്തിനു സ്വന്തമാകും. മുന്പ് ആർ. ശങ്കറും ഇ.കെ. നായനാരും ഉമ്മൻ ചാണ്ടിയുമായിരുന്നു ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രിമാർ. കോണ്ഗ്രസ് മുഖ്യമന്ത്രിമാരിൽ ബജറ്റ് അവതരിപ്പിക്കുന്ന മൂന്നാമനും.
മുഖ്യമന്ത്രിയായിരിക്കേ കേരള നിയമസഭയിൽ ആദ്യബജറ്റ് അവതരിപ്പിച്ചത് ആർ. ശങ്കറാണ്. 1960ലെ പട്ടം താണുപിള്ള മന്ത്രിസഭയിലെ ധനവകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രിയായിരുന്നു ശങ്കർ.
1962 സെപ്റ്റംബറിൽ പട്ടം താണുപിള്ള രാജിവച്ചതിനെത്തുടർന്ന് ശങ്കർ മുഖ്യമന്ത്രിയായി. ധനവകുപ്പു മുഖ്യമന്ത്രിതന്നെ കൈവശം വച്ചതിനെത്തുടർന്ന് 1963-64, 1964- 65 സാന്പത്തിക വർഷങ്ങളിലെ ബജറ്റ് ശങ്കർ അവതരിപ്പിച്ചു. ബജറ്റ് അവതരിപ്പിച്ച മുഖ്യമന്ത്രിമാരിൽ പ്രായം കുറഞ്ഞ ആളും ആർ. ശങ്കറായിരുന്നു.
മുഖ്യമന്ത്രിയായിരിക്കേ 1963ൽ ബജറ്റ് അവതരിപ്പിക്കുന്പോൾ 54 വയസായിരുന്നു ആർ. ശങ്കറിന്റെ പ്രായം. ധനമന്ത്രി എന്ന നിലയിൽ 1960 മുതൽ അദ്ദേഹം ബജറ്റ് അവതരിപ്പിച്ചിരുന്നു.
1987ൽ ഇടതുമുന്നണി സർക്കാർ അധികാരത്തിൽ എത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയായ ഇ.കെ. നായനാർക്ക് ബജറ്റ് അവതരിപ്പിക്കേണ്ടിവന്നു. അന്നു മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമാകാത്തതിനെ ത്തുടർന്നാണ് ഇ.കെ. നായനാർക്ക് മുഖ്യമന്ത്രിയെന്ന നിലയിൽ ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവന്നത്. നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സമയത്തെ ബജറ്റാണ് അന്ന് നായനാർ അവതരിപ്പിച്ചത്. ആറു മിനിറ്റ് മാത്രമായിരുന്നു 1987ലെ ബജറ്റിന്റെ സമയദൈർഘ്യം.
പിന്നീട് 2016ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ ബജറ്റ് അവതരിപ്പിച്ചു. ബാർ കോഴ ആരോപണത്തിൽ ധനമന്ത്രിയായിരുന്ന കെ.എം. മാണി രാജിവച്ചതോടെ ധനവകുപ്പ് മുഖ്യമന്ത്രിയുടെ ചുമതലയിലായതിനെ ത്തുടർന്നാണ് ഉത്തരവാദിത്വം ഉമ്മൻ ചാണ്ടിയുടെ ചുമലിൽ എത്തിയത്.
1991ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ധനവകുപ്പിന്റെ ചുമതല വഹിക്കവേ ഉമ്മൻ ചാണ്ടി ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.
പറവൂരിൽനിന്ന് ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെയാളാകും വി.ഡി. സതീശൻ. രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിൽ പറവൂരിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്ഗ്രസ് അംഗവും ധന-നിയമ വകുപ്പു മന്ത്രിയുമായ കെ.ടി. ജോർജായിരുന്നു ബജറ്റ് അവതരിപ്പിച്ച ആദ്യ പറവൂർക്കാരൻ. 1972 ഫെബ്രുവരി 25നാണ് കെ.ടി. ജോർജ് തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്.